തിരുവനന്തപുരം: വീട്ടിലെ കുളിമുറിയിൽ കയറിയ കൂരമാനിനെ വനംവകുപ്പ് പിടികൂടി. കുറ്റിച്ചൽ അരുകിൽ നിസാമിന്റെ നാസിയ മൻസിലിൽ നിന്നാണ് വനംവകുപ്പ് എത്തി കൂരമാനിനെ പിടികൂടിയത്. പരുതിപ്പള്ളി സെക്ഷൻ ഓഫീസർ എംകെ ബിന്ദുവിന്റെ നേതൃത്വത്തിൽ വാച്ചർ രാഹുൽ, ശരത്, നിഷാദ്, സുഭാഷ് എന്നിവർ ചേർന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്.
പിടികൂടാനുള്ള ശ്രമത്തിനിടെ സെക്ഷൻ ഓഫീസർ ബിന്ദു, ശരത് എന്നിവർക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തു. കൂരമാനിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയ ശേഷം ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പിടികൂടിയ മാനിനെ ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉഷ്ണമേഖലാ വനങ്ങളിൽ പാറകൾക്ക് ഇടയിൽ ജീവിക്കുന്നതാണ് കൂരമാൻ. ഇവയുടെ മുഖത്തിന് എലിയുടെ രൂപമാണ്. എലിയെ പോലെ സഞ്ചരിക്കുന്നതിനാൽ മൗസ് ഡീർ എന്ന പേരിലും ഇവ അറിയപ്പെടുന്നു

