ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളിൽ ഫോൺ ഉപയോഗം പാടില്ല, പേപ്പറുകൾ കീറാൻ പാടില്ല എന്നിങ്ങനെ നിയമസഭാ അംഗങ്ങൾക്കായി പുതിയ ചട്ടങ്ങൾ പാസാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് നിയമസഭ. സ്പീക്കർക്ക് പുറം തിരിഞ്ഞ് നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തിൽ പറയുന്നു. റൂൾസ് ഓഫ് പ്രൊസീജ്യേഴ്‌സ് ആന്റ് കൺടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തർപ്രദേശ് ലെജിസ്‌ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങൾ അവതരിപ്പിക്കുന്നത്. ഇതോടെ 1958ലെ ചട്ടങ്ങൾക്ക് പകരമായാണ് പുതിയ നിബന്ധനകൾ. 2023 ഓഗസ്റ്റ് 7 തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങൾ നിയമസഭയിലെത്തിയത്.
ഓഗസ്റ്റ് 9 ന് ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും തുടർന്ന് പാസാക്കുമെന്നും ഉത്തർപ്രദേശ് സ്പീക്കർ സതീഷ് മഹാന വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം, എംഎൽഎമാർക്ക് സഭയിൽ ഒരു രേഖയും കീറാൻ കഴിയില്ല. ഒരു പ്രസംഗം നടത്തുമ്പോഴോ അഭിനന്ദിക്കുമ്പോഴോ കൈ ചൂണ്ടരുത്. സഭയിൽ ആയുധങ്ങൾ കൊണ്ടുവരാനോ പ്രദർശിപ്പിക്കാനും പാടില്ല. കൂടാതെ നിയമസഭയിലെ അംഗങ്ങൾ സ്പീക്കറുടെ കസേരയ്ക്ക് മുന്നിൽ വണങ്ങി ബഹുമാനം കാണിക്കണമെന്നും സഭയിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ അല്ലെങ്കിൽ ഇരിക്കുമ്പോഴോ എഴുന്നേൽക്കുമ്പോഴോ പുറം കാണിക്കരുതെന്നും ചട്ടങ്ങൾ പറയുന്നു.
പുതിയ ചട്ടങ്ങൾ അനുസരിച്ച്, നിയമസഭ സമ്മേളനം വിളിക്കുന്നതിനുള്ള സമയദൈർഘ്യം 14 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, സാഹിത്യം, ചോദ്യാവലി, പുസ്തകം, പത്രക്കുറിപ്പുകൾ എന്നിവ എടുക്കാനോ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സ്ലിപ്പുകൾ വിതരണം ചെയ്യാനോ അംഗങ്ങളെ അനുവദിക്കില്ല. നിയമസഭയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഓരോ ദിവസത്തെയും ജോലിയുടെ ഒരു ലിസ്റ്റ് എംഎൽഎമാർക്ക് ഓൺലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കണമെന്നും ചട്ടത്തിൽ പറയുന്നു

