ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടത് ആഘോഷമാക്കി കോൺഗ്രസ്. രാഹുൽ സഭയിലേക്ക് തിരിച്ചെത്തുന്നത് സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് കോൺഗ്രസ് പറയുന്നു.
എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചുമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന്‍റെ തിരിച്ചു വരവ് ആഘോഷമാക്കിയത്. പ്രതിപക്ഷ കൂട്ടായ്മ ഇന്ത്യയുടെ സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ മധുരം വിളമ്പി.
രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത് സ്വാഗതാർഹമായ നടപടിയാണ്. ഇന്ത്യയിലെ, പ്രത്യേകിച്ച് വയനാട്ടില ജനങ്ങൾക്ക് ഈ തീരുമാനം ഒരാശ്വാസമാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഭരിക്കുന്നതിനേക്കാൾ കൂടുതൽ ജനാധിപത്യത്തെ തളർത്താനും പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുമാണ് ബിജെപിയും മോദി സർക്കാരും ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യം വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവു ശിക്ഷ വിധിച്ചതോടെ മാർച്ച് 23 മുതലാണ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടത്. സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തതോടെയാണ് എംപി സ്ഥാന പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

