ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് 2023 ഓ​ഗസ്റ്റ്ക് 7ന് തുടക്കമായി. സ്പീക്കർ എ.എൻ ഷംസീർ ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി.

53 വർഷത്തിന് ശേഷം ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്പീക്കർ അനുശോചന പ്രമേയം വായിക്കുന്ന സമയം മുഴുവൻ സഭാംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്നു കൊണ്ട് അന്തരിച്ച നേതാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും നിയമസഭയുടെ വിസിറ്റേഴ് ഗാലറിയിലെത്തിയിരുന്നു.

സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായ നേതാവ്. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ അസാമാന്യമായ മനക്കരുത്തും തന്റേടവും ഉമ്മൻ ചാണ്ടി കാണിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. അനുകരണീയ മാതൃകകൾ സൃഷ്ടിച്ച സ്പീക്കറായിരുന്നു വക്കം പുരുഷോത്തമെന്നും എഎൻ ഷംസീർ ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളിൽ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വർഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തി. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മൻചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും പിണറായി വിജയൻ.

ഭരണാധികാരിയായിരിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ഒരുമിച്ച് നിർത്തണമെന്നും ഉമ്മൻചാണ്ടി കാണിച്ചുതന്നു. ഒരുപാട് പീഡാനുഭവങ്ങളിലൂടെ കടന്നുപോയ നേതാവ് കൂടിയാണ് ഉമ്മൻചാണ്ടിയെന്നും വി.ഡി സതീശൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →