തൃശൂർ: ഹാർബറുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥൻ, കാരുണ്യ എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്തത്. അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച വള്ളങ്ങളാണ് പിടികൂടിയത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വളളങ്ങൾ പിടിച്ചെടുത്തത്.
എറണാകുളം കുമ്പളങ്ങി സ്വദേശി പൊന്നാംപുരക്കൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാരുണ്യനാഥൻ വള്ളം. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 800 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. അഴീക്കോട് ഇടിയൻചാൽക്കര സ്വദേശി മുഹമ്മദ്
റാഫിയുടെ ഉടമസ്ഥതയിലുള്ള കാരുണ്യ എന്ന വള്ളത്തിൽ നിന്ന് 600 കിലോ ചെറിയ അയലയും പിടിച്ചെടുത്തു.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യ സമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. ഫിഷറീസ് ഡി.ഡി തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ നിക്ഷേപിച്ചു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ സുലേഖയുടെ നേതൃത്വത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ പിടിച്ചെടുത്തത്. അശാസ്ത്രീയ മത്സ്യബന്ധന രീതി തുടരുന്നവർക്കെതിരെ കർശന നടപടി തുടർന്നും സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്പെഷൽ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു

