സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) 15-ാം പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മേളയുടെ ഉദ്ഘാടന ചടങ്ങ് ഇന്ന് വൈകിട്ടാണെങ്കിലും ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്യും. കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ഇന്ന് മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ചലച്ചിത്രമേള.
മുന്നൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ ആകെ പ്രദര്‍ശിപ്പിക്കുക. അതില്‍ 63 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ നിന്ന് ഉള്ളവയാണ്. സംവിധായിക ദീപ ധന്‍രാജിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് പുരസ്കാരം. ഓ, ദാറ്റ്സ് ഭാനു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആര്‍ വി രമണിയാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ. നവതി ആഘോഷിക്കുന്ന എം ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള രണ്ട് ഡോക്യുമെന്‍ററികളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
തിത്‍ലി എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കാനു ബെല്‍ ആണ് ഇത്തവണ ഐഡിഎസ്എഫ്എഫ്കെയുടെ ജൂറി ചെയര്‍മാന്‍. കഥാവിഭാഗം ജൂറിയില്‍ സംവിധായകന്‍ ഡോണ്‍ പാലത്തറ, നടി തിലോത്തമ ഷോമെ എന്നിവരും കഥേതര വിഭാഗം ജൂറിയില്‍ സംവിധായകരായ ഷിര്‍ലി എബ്രഹാം, സാര്‍വ്‍നിക് കൌര്‍, ഷൌനക് സെന്‍ തുടങ്ങിയവരുമുണ്ട്. മേളയുടെ ഡെലിഗേറ്റ് പാസിന്‍റെ വിതരണം ഇന്നലെ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തിരുന്നു. ചലച്ചിത്രതാരം അനുമോള്‍ ആണ് മന്ത്രിയില്‍ നിന്ന് ആദ്യ ഫെസ്റ്റിവല്‍ കിറ്റ് ഏറ്റുവാങ്ങിയത്. മേളയുടെ വേദിയായ കൈരളി തിയറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴിയാണ് പാസ് വിതരണം. ഇതിനായി ഡെലിഗേറ്റുകള്‍ ഐഡി പ്രൂഫുമായി എത്തി പാസുകള്‍ കൈപ്പറ്റണം.