ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് മന്ത്രിമാർ നേരിട്ടെത്തിയാണ് സഹായധനം കൈമാറിയത്. മന്ത്രി പി രാജീവ്, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തി പണം കൈമാറിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമായിരുന്നു തുക കൈമാറിയത് .സർക്കാർ ആ കുട്ടിയുടെ കുടുംബത്തിനൊപ്പമാണ്. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. അമ്മയുടെ ജോയിന്റ് അക്കൗണ്ടിലായിരിക്കും പൈസ നിക്ഷേപിക്കുക. അതിഥി തൊഴിലാളികൾക്കിടയിൽ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കും. കുഞ്ഞുങ്ങൾക്കായി അവധി ദിനങ്ങളിൽ അടക്കം ഡേ കെയർ സെന്ററുകൾ തുടങ്ങുന്നത് പോലും ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പ്രതി അസഫാക്ക് ആലത്തെ ആലുവ മാർക്കറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിന്റെ വസ്ത്രവും ചെരുപ്പും സ്ഥലത്തു നിന്ന് കണ്ടെത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂടുതൽ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി തീരും മുമ്പേ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. 10 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

പ്രതിയെക്കുറിച്ചുള്ള അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിക്കുമെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാക്കി. ബിഹാർ പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേസിൽ പ്രതി ഒരാൾ മാത്രമാണ്. ഇന്ന് നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ വസ്ത്രവും ചെരിപ്പും കണ്ടെത്തി. പ്രതിയുടെ ആധാർ കാർഡിലെ വിലാസം ശരിയാണെന്ന് സ്ഥിരീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →