ലഖ്‌നൗ: ഉത്തർപ്രദേശിൽ ആർഎസ്എസ് ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്. 2023 ഓഗസ്റ്റ് 2 ബുധനാഴ്ച രാത്രി 10 മണിയോടെ ഷാജഹാൻപുരിലെ ഷഹീദ് ദ്വാറിലെ ഓഫീസാണ് 40ഓളം പേർ അടിച്ചുതകർത്തത്.
ശശാങ്ക് ഗുപ്ത ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിക്കുന്നത് ആർഎസ്എസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ചെറിയതോതിൽ ആരംഭിച്ച തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നാൽപ്പതോളം പേർ വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഓഫീസ് അടിച്ചുതകർത്തെന്നാണ് ആർഎസ്എസ് നേതാക്കളുടെ പരാതി. ഓഫീസിലുണ്ടായിരുന്ന ചില പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
40ഓളം പേർക്കെതിരെ കലാപം, കൊലപാതകശ്രമം, ആക്രമണം, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ച് കയറൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശേഖർ, അമൻ ഗുപ്ത എന്നിവരാണ് കേസിലെ തിരിച്ചറിയപ്പെട്ട മറ്റ് പ്രതികൾ. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് നിഗമനം. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ പിടികൂടാൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

