ഫിഫ വനിതാ ലോകകപ്പില്‍ യു.എസ്, നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടറില്‍

ഡ്യൂനെഡിന്‍: ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പന്‍മാരായ യു.എസ്.എയും ഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത ഏഴു ഗോളിനു മുക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നെതര്‍ലന്‍ഡ്‌സ് അവസാന പതിനാറിലേക്കു ടിക്കറ്റെടുത്തത്. യു.എസ്.എയാകട്ടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിതസമനിലയില്‍ തളച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടുജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റം. യു.എസിന് അഞ്ചു പോയിന്റ്. നാലു പോയിന്റുള്ള പോര്‍ച്ചുഗല്‍ വിയറ്റ്‌നാമിനൊപ്പം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.

നെതര്‍ലന്‍ഡ്‌സിന്റെ കരുത്തിനുമുന്നില്‍ വിയറ്റ്‌നാമിനു പിടിച്ചുനില്‍ക്കാനായില്ല. കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വച്ച നെതര്‍ലന്‍ഡ്‌സ് 42 തവണയാണ് വിയറ്റ്‌നാം ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. 17 എണ്ണം ലക്ഷ്യത്തിലെത്തിയതില്‍ ഏഴെണ്ണം വലയിലെത്തി. വിയറ്റ്‌നാം ഗോളിയും പ്രതിരോധനിരയും പലപ്പോഴും രക്ഷകരായില്ലായിരുന്നെങ്കില്‍ ഗോളെണ്ണം ഇനിയും ഉയര്‍ന്നേനെ. എസ്മീ ബ്രഗ്റ്റ്‌സ്, ജില്‍ റൂഡ് എന്നിവര്‍ നെതലര്‍ന്‍ഡ്‌സിനായി ഇരട്ടഗോള്‍ നേടി. കളിയുടെ എട്ടാം മിനുട്ടില്‍ ലികെ മര്‍ട്ടന്‍സ് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. മൂന്നു മിനുട്ടിനപ്പുറം കാത്യ സ്‌നോയിസ് രണ്ടാം ഗോളും നേടി. 18, 57 മിനുട്ടുകളില്‍ എസ്മീ ബ്രഗ്റ്റ്‌സും 23, 83 മിനുട്ടുകളില്‍ ജില്‍ റൂഡും വിയറ്റ്‌നാമിന്റെ വലകുലുക്കി. 45-ാം മിനുട്ടില്‍ ഡാനിയേല വാന്‍ ഡിഡോങ്കും സ്‌കോര്‍ ചെയ്തു. പോര്‍ച്ചുഗലിനോട് തോല്‍വി വഴങ്ങാതിരിക്കാന്‍ മാത്രമാണ് നിലവിലെ ചാമ്പ്യന്‍മാരായ യു.എസ്. ഇന്നലെ ശ്രമിച്ചത്. പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാന്‍ സമനില തന്നെ ധാരാളമായിരുന്ന യു.എസ്. ഗോള്‍ വഴങ്ങാതിരിക്കാനാണു ശ്രദ്ധിച്ചത്. പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ജയം അനിവാര്യമായിരുന്ന പോര്‍ച്ചുഗല്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കീഴില്‍ ആക്കിയെങ്കിലും അമേരിക്കന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. എന്നാല്‍ കളിയില്‍ മികച്ചുനിന്ന യു.എസ്. പലതവണ പോര്‍ച്ചുഗീസ് പ്രതിരോധം പൊളിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. പലപ്പോഴും പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ അവര്‍ക്കു മുന്നില്‍ വിലങ്ങുതടിയായി. 91-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ ഗോളിനടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം പോസ്റ്റില്‍ തട്ടിത്തെറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →