താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വിരൽചൂണ്ടുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താനൂർ: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയ്ക്ക് ക്രൂരമായി മർദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താമിറിന്റെ ശരീരത്തിൽ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചു. 2023 ജൂലൈ 31 തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ് താമിർ ജിഫ്രി ഉൾപ്പടെയുളള പ്രതികളെ ലഹരിയുമായി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് . ഇവരെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് രാത്രി 1:45നാണ്.

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയിൽ, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മർദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മർദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.

പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിൽ എത്തിക്കുന്നതുവരെയുളള സമയം പൊലീസ് ക്വട്ടേഴ്‌സിൽ പാർപ്പിച്ച് മർദിച്ചെന്ന ആരോപണവും ശക്തമാണ്. താനൂർ കസ്റ്റഡി മരണത്തിൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →