സംസാരശേഷിയില്ലാത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 70 കാരനെ അറസ്റ്റ് ചെയ്യാൻ മുതിരാതെ പോലീസ്

തിരുവനന്തപുരം: ∙ സംസാരശേഷിയില്ലാത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കുന്ന വിഡിയോ ദൃശ്യമടക്കം ലഭിച്ചിട്ടും പ്രതിയെ പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസ്. ചൈൽഡ് ലൈനിന്റെ ഇടപെടലി‍ൽ മൂന്നു മാസം മുൻപു പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും കൺമുൻപിലുള്ള പ്രതി ‘ഒളിവിൽ’ എന്നാണു പൊലീസ് ഭാഷ്യം. കുന്നത്തുകാൽ സ്വദേശി വിശ്വംഭരനെ (70) പ്രതിയാക്കിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിൻകര കുന്നത്തുകാലിലെ പീഡന പരാതിയിൽ 2023 ഓ​ഗസ്റ്റ് 1 ന് ഭിന്നശേഷി കമ്മിഷനും കേസെടുത്തെങ്കിലും, വെള്ളറട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ മുതിരുന്നില്ല.പ്രതി ഒളിവിലാണെന്നാണു മൂന്നു മാസമായി പൊലീസ് പറയുന്നത്.

അച്ഛൻ നടത്തിയിരുന്ന സ്ഥാപനത്തിന്റെ ഇടനാഴിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വർഷം മുൻപാണു ഭിന്നശേഷിക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. സംസാര ശേഷിയില്ലാത്തതിനാൽ ഇക്കാര്യം വീട്ടുകാരെ അറിയിക്കാനായില്ല. കുട്ടിയുടെ കളഞ്ഞുപോയ കണ്ണട കണ്ടുപിടിക്കാനായി വർക്‌‌ഷോപ്പിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണു പീഡനദൃശ്യങ്ങളും രക്ഷിതാക്കൾ കണ്ടത്. പ്രതിയുടെ മുഖവും ദൃശ്യത്തിൽ വ്യക്തമാണ്. സമ്പന്നനും സ്വാധീനശേഷിയുള്ളയാളുമായ പ്രതിക്കെതിരെ പരാതിപ്പെടാൻ ആദ്യഘട്ടത്തിൽ രക്ഷിതാക്കൾ മടിച്ചു. ഇയാളുടെ മക്കളെ വിവരം ധരിപ്പിച്ചപ്പോൾ കുട്ടിയുടെ പിതാവിനു പ്രതിയുടെ ഭീഷണിയുണ്ടായി.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മനസ്സിലാക്കിയ ബഡ്സ് സ്കൂളിലെ കൗൺസിലർ രക്ഷിതാക്കളോടു കാര്യം തിരക്കിയപ്പോഴാണു പീഡനവിവരം ഇവർ വെളിപ്പെടുത്തിയത്. കൗൺസിലറുടെ നിർദേശപ്രകാരം ഏപ്രിൽ 17നു ചൈൽഡ് ലൈനിനെ സമീപിച്ചു. ഇതേത്തുടർന്നാണു വെള്ളറട പൊലീസിൽ പിതാവ് പരാതി നൽകിയത്. ഇതിനിടയിൽ ഭരണകക്ഷിയുടെ പ്രാദേശിക നേതാവിന്റെ സഹായത്തോടെ കുട്ടിയുടെ രക്ഷിതാക്കളെ സ്വാധീനിക്കാനും ശ്രമം നടന്നുവെന്നാണു വിവരം.

സ്റ്റേഷൻ ഹൗസ് ഓഫിസർ മാറിയെന്നതാണു പൊലീസിന്റെ മറ്റൊരു വാദം. പ്രതിയുടെ സ്വാധീനം നിമിത്തം അറസ്റ്റ് വൈകിയതോടെയാണു കുട്ടിയുടെ പിതാവ് ഭിന്നശേഷി കമ്മിഷണറെ സമീപിച്ചത്. പീഡന ദൃശ്യം സഹിതമാണു പരാതി. മുഖ്യമന്ത്രിയെ നേരിൽ കണ്ടു പരാതിപ്പെടാനുംഒരുങ്ങുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →