ബാങ്കോക്ക്: മ്യാന്മറിലെ ജനാധിപത്യ പ്രവര്‍ത്തക ഓങ് സാന്‍ സ്യൂ ചിയുടെ ജയില്‍ശിക്ഷയില്‍ പട്ടാള ഭരണകൂടം ആറു വര്‍ഷം ഇളവ് അനുവദിച്ചു. അഞ്ചു കുറ്റങ്ങളില്‍ മാപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഇളവ്. സ്യൂ ചി 19 കുറ്റങ്ങളിലായി 33 വര്‍ഷം തടവുശിക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നെയ്പ്പീദോയില്‍ വീട്ടുതടങ്കലിലാണ് സൂ ചിയിപ്പോള്. 78കാരിയായ അവരുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ഈയിടെ ഇളവ് അനുവദിച്ചത്.
2021 ഫെബ്രുവരി ഒന്നിന് പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചതുമുതല്‍ സ്യൂ ചി തടങ്കലിലാണ്. അവര്‍ക്കൊപ്പം തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് വിന് മിന്റിന്റെ ശിക്ഷയില്‍ നാലുവര്‍ഷം ഇളവ് അനുവദിച്ചിട്ടുണ്ട്. 2020ലെ പൊതു തിരഞ്ഞെടുപ്പില്‍ സ്യൂ ചിയുടെ പാര്‍ട്ടി വന്‍ജയം നേടിയത് കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്.

