കുവൈത്ത്: ഓൺലൈൻ സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന ചില ചിത്രങ്ങൾക്കും പദപ്രയോഗങ്ങൾക്കും എതിരെ ഒരാൾ കേസ് ഫയൽ ചെയ്താൽ അത് പീഡന പരാതിയിൽ ഉൾപ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി. വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങൾ വഴിയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയും കുവൈത്തും കുറ്റകരമാക്കി.
കുവൈത്തിൽ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നവർക്ക് രണ്ടു വർഷം തടവും 2000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകൻ ഹയാ അൽ ഷലാഹി പറഞ്ഞു. സൗദിയിലും ഹാർട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. ഹാർട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയിൽ കണക്കാക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിക്കുമ്പോൾ പിഴത്തുക 300,000 സൗദി റിയാലായി ഉയരുകയും അഞ്ചുവർഷം തടവ് ശിക്ഷയും ലഭിക്കും.

