മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ ബൈക്കോടിച്ചിരുന്ന ആൻസണ് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വകുപ്പ്. ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും. ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി. 2023 ജൂലൈ 27 വ്യാഴാഴ്ചയാണ് മൂവാറ്റുപുഴ നിർമ്മല കോളേജ് ബി കോം അവസാന വർഷ വിദ്യാർത്ഥിയായ വാളകം കുന്നയ്ക്കാൽ നമിത ബൈക്കിടിച്ച് മരിച്ചത്.
അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഡ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിൻസ് ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും.
കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൺ റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിൻറെ നീക്കം.
മൂവാറ്റുപുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിർമ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനിൽ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാർത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയിക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല

