ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഐ.എന്‍.ഡി.ഐ.എ.-ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്) എന്ന പേരു നല്‍കിയതിനെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പ്രതിപക്ഷത്തിന് ദിശാബോധമില്ല- മോദി പറഞ്ഞു.
ഇന്ത്യ എന്ന പേരിന് അവര്‍ അവരെത്തന്നെ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- ഇവയിലും ഇന്ത്യയുണ്ടെന്നും മോദി ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചതായി പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ പേര് ഉപയോഗിച്ചതുകൊണ്ടു മാത്രം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം, പരാജയപ്പെട്ടവരും ക്ഷീണിതരും പ്രതീക്ഷയറ്റവരുമാണ്. അവര്‍ക്കുള്ള ഏക അജണ്ട മോദിയെ എതിര്‍ക്കല്‍ മാത്രമാണ്. പ്രതിപക്ഷത്തുതന്നെ തുടരാന്‍ മനസുകൊണ്ട് ഉറപ്പിച്ചു എന്നാണ് അവരുടെ പ്രവൃത്തികള്‍ വ്യക്തമാക്കുന്നതെന്നും മോദി പരിഹസിച്ചു. ജനങ്ങളുടെ പിന്തുണകൊണ്ട് 2024-ല്‍ ബി.ജെ.പി. എളുപ്പത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും മോദി യോഗത്തില്‍ പ്രകടിപ്പിച്ചു.
ഈസ്റ്റ് ഇന്ത്യാകമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ട്: മോദി
