മോസ്‌കോയിലും ക്രൈമിയയിലും ഡ്രോണാക്രമണം

കീവ്: മോസ്‌കോയ്ക്കുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. രണ്ടു കെട്ടിടങ്ങളില്‍ ബോംബ് വീണെങ്കിലും ആള്‍നാശമില്ലെന്നു മോസ്‌കോ മേയര്‍ അറിയിച്ചു. ഡ്രോണുകളുടെ സിഗ്‌നല്‍, റഷ്യന്‍ സേന ജാം ചെയ്തതോടെ ഇവ തകര്‍ന്നുവീഴുകയായിരുന്നുവെന്നു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
മധ്യ മോസ്‌കോയിലെ കോംസോമോസ്‌കി ഹൈവേയ്ക്കു സമീപമാണ് ഒരു ഡ്രോണ്‍ വീണത്. പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തെക്കന്‍ മോസ്‌കോയിലെ ബഹുനില ഓഫിസ് കെട്ടിടത്തിലാണു രണ്ടാമത്തെ ഡ്രോണ്‍ പതിച്ചത്. മുകള്‍നിലകള്‍ക്കു തീപിടിച്ചു.

അതിനിടെ, വടക്കന്‍ ക്രൈമിയയിലെ ആയുധശാലയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്നു റഷ്യ-ക്രൈമിയ മുഖ്യ ഹൈവേയിലും റെയില്‍വേയിലും ഗതാഗതംനിര്‍ത്തി. ഗ്രാമവാസികളെ ഒഴിപ്പിച്ചു. 17 ഡ്രോണുകളില്‍ 11 എണ്ണത്തിന്റെ സിഗ്‌നല്‍ ജാം ചെയ്തതോടെ ഇവ കരിങ്കടലില്‍ പതിച്ചെന്നും 3 എണ്ണം വെടിവച്ചിട്ടെന്നും റഷ്യ അവകാശപ്പെട്ടു.

ഇതേസമയം, തെക്കന്‍ യുക്രെയ്‌നില്‍ ഡാന്യൂബ് നദിയിലെ തുറമുഖത്തെ ധാന്യസംഭരണകേന്ദ്രത്തില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി. 3 സംഭരണശാലകള്‍ തകര്‍ന്നു. കഴിഞ്ഞയാഴ്ച ഒഡേസ തുറമുഖത്തും റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. കരിങ്കടല്‍ വഴിയുള്ള ധാന്യക്കയറ്റുമതിക്കരാറില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണു തുറമുഖങ്ങള്‍ക്കുനേരെ ആക്രമണം ശക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →