തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഈ സാമ്പത്തിക വര്‍ഷം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബയോമെഡിക്കല്‍ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കല്‍ കോളേജുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകളെ മെഡിക്കല്‍ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കല്‍ കോളേജുകളില്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.മെഡിക്കല്‍ കോളേജുകളില്‍ 10 പ്രിന്‍സിപ്പല്‍മാര്‍ പുതുതായി ചാര്‍ജ് ഏറ്റെടുത്തവരാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍മാര്‍ക്കായി 2 ദിവസത്തെ പരിശീലനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളുടെ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനാണ് മന്ത്രി യോഗം വിളിച്ചത്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രശ്നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സമയബന്ധിതമായി അവ പൂര്‍ത്തിയാക്കണം. തുടര്‍ച്ചയായ നിരീക്ഷണം ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.