തിരുവനന്തപുരം : തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉൾപ്പെടെ എതിർപ്പുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരിപാടിയ്‌ക്കെത്തിയപ്പോൾ അദ്ദേഹത്തിന്റെ മൈക്ക് തടസപ്പെട്ടതും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുൻപായി കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങൾ മുഴക്കിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരിൽ കേസുകൂടി എടുത്തിരിക്കുന്നത്.
ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഔദ്യോഗികമായി ഉന്നത സ്ഥാനത്തിരിക്കുന്ന ആളുടെ സംസാരത്തെ തടസപ്പെടുത്താനുള്ള ശ്രമം, അവഹേളിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. സ്വമേധയാ കേസെടുത്തിരിക്കുന്നതോടെ പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി വിമർശിച്ചു

