തലയ്ക്കടിയേറ്റു മരണം: ഭർത്താവിനെ കണ്ടെത്താനായില്ല..

പൊന്നാനി : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.
ജെ.എം. റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)യാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര നായർതോട് സ്വദേശി യൂനസ് കോയയെയാണ് പോലീസ് അന്വേഷിക്കുന്നത്. സംശയരോഗമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിനുശേഷം കനോലി കനാലിലേക്ക് ചാടി നീന്തിപ്പോയ യൂനസ് കോയയ്ക്കായി രാത്രിതന്നെ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതുവരെയും കണ്ടെത്താനായില്ല. ഇയാളുടെ ചിത്രം സഹിതമുള്ള ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മലപ്പുറത്തുനിന്നുള്ള ലൂണ എന്ന പോലീസ് നായയെ എത്തിച്ച് പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പടിഞ്ഞാറേക്കരയിലെ വീട്ടിലും സുഹൃത്തുകളുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയിട്ടില്ല.
രണ്ടുദിവസം മുമ്പാണ് ഇയാൾ വിദേശത്തുനിന്നെത്തിയത്. നേരത്തെ മത്സ്യത്തൊഴിലാളിയായിരുന്നു. മൂന്ന് വർഷം മുൻപാണ് വിദേശത്തേക്ക് ജോലിക്കു പോയത്. നാട്ടിൽ മദ്യപിച്ച് ശല്യമുണ്ടാക്കുന്നത് പതിവായതോടെ ഭാര്യ തന്നെയാണ് വിദേശത്തേക്കു പോകാൻ അവസരമൊരുക്കിയതെന്ന് പറയുന്നു.

സുലൈഖയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം പൊന്നാനി ഹാജിയാർപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →