കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി സർക്കാർ. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ആർഎസ് സുരേഷ് ബാബുവിനാണ് ലോകായുക്ത വിധി മറികടന്ന് സ്ഥാനക്കയറ്റം നൽകിയത്. തിരുവനന്തപുരം നോർത്ത് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു.ഇദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കാൻ ലോകായുക്ത വിധിക്കുകയും ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് വിധി പറഞ്ഞത്.
കലോത്സവത്തിലെ അപ്പീൽ കമ്മിറ്റി ചെയർമാനായ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗുരുതരമായ കൃത്യവിലോപവും അലംഭാവം കാണിക്കുകയും ചെയ്‌തെന്ന് വിധിയിൽ ലോകായുക്ത പറഞ്ഞിരുന്നു. നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് മൂന്നു മാസത്തെ സാവകാശം തേടിയിരുന്നു. തുടർന്ന് കർശനമായ നടപടിയെടുക്കുമെന്ന ഉറപ്പിൽ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം പുറത്തിറക്കിയ ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുരേഷ് ബാബുവിനെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്

