ബ്രത്തനലൈസർ തകരാർ : ഒടുവിൽ ക്ഷമപറഞ്ഞ് പോലീസ്

കളമശേരി : സാങ്കേതികത്തകരാറുള്ള ബ്രത്തനലൈസറുമായി മദ്യപരായ വാഹന ഡ്രൈവർമാരെ പിടികൂടാനിറങ്ങിയ പൊലീസ് നാണക്കേടിൽ. .ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറിൽ വരികയായിരുന്ന കോളജ് അധ്യാപകൻ കൂടിയായ ഡോ. ലാലു ജോർജിനാണു പൊതുമദ്ധ്യത്തിൽ അപമാനിതനാവേണ്ടി വന്നത്. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. 2023 ജൂലൈ 22 ശനിയാഴ്ച രാത്രി 7.30ന് നോർത്ത് കളമശേരിയിൽ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം.

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാൺപുർ ഐഐടിയിൽ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാൾ അറിയിച്ചിട്ടും പൊലീസ് തങ്ങളുടെ യന്ത്രത്തിലുള്ള വിശ്വാസം വിട്ടില്ല.

സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവർത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനിൽ നിർത്തി.മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടർന്നു മറ്റൊരു ബ്രത്തനലൈസർ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു.പൊലീസ് ഞെട്ടി. റീഡിങ് പൂജ്യം. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാർ ക്ഷമ പറഞ്ഞു. തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →