ഛത്തിസ്ഗഡിൽ ‌ബേഘൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി: സിങ്ദേവ്തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ഉപമുഖ്യമന്ത്രി ഛത്തിസ്‌ഗഡ്

റായ്പുർ: ഛത്തിസ്ഗഡിൽ അധികാരം നിലനിർത്താൻ കോൺഗ്രസിനു സാധിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഭൂപേഷ് ബേഘലിനു തന്നെയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ടി.എസ്. സിങ്‌ദേവ്. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഭൂപേഷ് ബേഘലിന്‍റെയും ഉപമുഖ്യമന്ത്രി ടി.എസ്. സിങ്ദേവിന്‍റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ തമ്മിൽ സംസ്ഥാനത്ത് കടുത്ത അഭിപ്രായസംഘർഷം നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സിങ്ദേവിന്‍റെ പ്രതികരണം.

”തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ബേഘലിനെ തന്നെ പാർട്ടി നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തിലുള്ള വിശ്വാസത്തിനു തെളിവാണ്. ജയിച്ചു കഴിഞ്ഞാൽ പിന്നെ ക്യാപ്റ്റനെ മാറ്റേണ്ട കാര്യമെന്താണ്”, സിങ്ദേവ് ചോദിച്ചു.

90-അംഗ നിയമസഭയിൽ കോൺഗ്രസ് അറുപതിനും എഴുപത്തഞ്ചിനുമിടയിൽ സീറ്റ് നേടുമെന്ന് സിങ്ദേവ് പ്രത്യാശ പ്രകടിപ്പിച്ചു. 2018ലെ തെരഞ്ഞെടുപ്പിൽ 68 സീറ്റ് നേടിയാണ് സംസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയത്.

താനും ബേഘലും തമ്മിൽ ശത്രുതയുണ്ടെന്ന ആരോപണവും അദ്ദേഹം നിരാകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചപ്പോൾ, ആദ്യ രണ്ടര വർഷം ബേഘലും അടുത്ത രണ്ടര വർഷം സിങ്ദേവും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ, ഇതു നടപ്പായില്ല. അടുത്തിടെയാണ് സിങ്ദേവിന് ഉപമുഖ്യമന്ത്രി സ്ഥാനം പോലും നൽകിയത്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നപ്പോൾ ചതിക്കപ്പെട്ടെന്ന തോന്നലുണ്ടായോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സ്ഥാനത്ത് ബേഘൽ തുടരണമെന്നത് പാർട്ടി ഹൈക്കമാൻഡിന്‍റെ തീരുമാനമാണ്. ഹൈക്കമാൻഡിന്‍റെ തീരുമാനങ്ങൾ അനുസരിക്കുകയാണ് ഞങ്ങളെടു കടമ, അതിൽ ചതിയുടെ പ്രശ്നമൊന്നും ഉദിക്കുന്നതേയില്ല- സിങ്ദേവ് കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →