പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിനെ സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങുകയാണ് പട്ടാമ്പി മണ്ഡലം കമ്മിറ്റി. മുഹ്സിനും രാജി ഭീഷണി ഉയർത്തിയതായാണ് സൂചന.മുഹ്‌സിനെതിരായ പാർട്ടി നടപടിയിൽ പാലക്കാട് സി പി ഐ യിൽ അമർഷം രൂക്ഷമാവുകയാണ്.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർ ക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിൻ്റെ ആരോപണം.
കാനം രാജേന്ദ്രൻ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ മുൻതൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തിൽ കാനം വിഭാഗത്തിന് നഷ്ടപ്പെടുകയും ഇസ്മായിൽ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാനം വിഭാഗത്തിനെതിരാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ.

