ഐക്യ പ്രതിപക്ഷ മുന്നണിക്കു പേരായിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇക്ലൻസീവ് അലയന്‍സ് (ഇന്ത്യ). 2024 പൊതുതെരഞ്ഞെടുപ്പിനെ ‘മോദി വെര്‍സസ് ഇന്ത്യ’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ച ബംഗളുരുവിലെ വേദിയില്‍ 26 പാര്‍ട്ടികള്‍ ചേര്‍ന്നാണ് പേരിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രതിപക്ഷ ഐക്യനിരയ്ക്കു പുതിയ പേര് നിര്‍ദേശിച്ചതും. ‘ഞങ്ങള്‍ ഭരണഘടനയെയും ഇന്ത്യക്കാരുടെ ശബ്ദത്തെയും ഇന്ത്യ എന്ന ആശയത്തെയും സംരക്ഷിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനെതിരേ പോരാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം. പോരാട്ടം എന്‍.ഡി.എയും ഇന്ത്യയും, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. എല്ലാ പോരാട്ടങ്ങളിലും ഇന്ത്യ വിജയിക്കും- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രണ്ട് വ്യത്യസ്ത ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം. രാജ്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു. പോരാട്ടം ആ ശബ്ദത്തിനു വേണ്ടിയാണ്. അതിനാല്‍ ഈ പേര് തെരഞ്ഞെടുത്തു- ഇന്ത്യ, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) യില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ തീരുമാനിച്ചതായി എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്തുമെഗാ യോഗത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്നലെ ഏറെ ആലോചനകള്‍ക്കൊടുവിലാണ് സംയുക്ത പ്രതിപക്ഷത്തിന് പേരിട്ടത്. സഖ്യം എന്ന വാക്കിനു പകരം മുന്നണി എന്നു മാറ്റണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ശിവസേന യു.ബി.ടി തലവന്‍ ഉദ്ധവ് താക്കറെപ്രതിപക്ഷത്തെ പരാമര്‍ശിക്കാത്ത ഒരു പേരു വേണമെന്നു നിര്‍ദേശിച്ചു.
ഒടുവില്‍ ചുരുക്കപ്പേരുമായി രാഹുല്‍ വന്നതും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയാന്‍ അടക്കമുള്ളവര്‍ സന്തോഷം പങ്കുവച്ചു. എന്‍ഡിഎ, നിങ്ങള്‍ക്ക് ഇന്ത്യയെ വെല്ലുവിളിക്കാമോ? ബി.ജെ.പി, നിങ്ങള്‍ക്ക് ഇന്ത്യയെ വെല്ലുവിളിക്കാമോ? എന്നായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സി.ബി.ഐ, ഇ.ഡി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. സഖ്യത്തെ ആരു നയിക്കും എന്ന ചോദ്യത്തിന്, ഞങ്ങള്‍ 11 പേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. ഇനി മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ 11 പേരെ നിശ്ചയിക്കും. കണ്‍വീനറെ നിശ്ചയിക്കും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നടക്കുന്ന അടുത്ത യോഗം പൊതുമിനിമം പരിപാടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ എന്‍.ഡി.എ സഖ്യകക്ഷികളെ കൂട്ടി ശക്തിപ്രകടനം നടത്തുന്ന സമയത്താണ് ഇന്നലെ ബംഗളുരുവില്‍ പ്രതിപക്ഷം ഒന്നിച്ചത് എന്നതും ശ്രദ്ധേയം.

