ഭരണ-പ്രതിപക്ഷങ്ങളും മതേതര ബദലുകളും

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പിക്കെതിരായ മതേതര ബദല്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷം ഒരു ചുവടു മുന്നേറിയിരിക്കെ സമാന നീക്കങ്ങളുമായി ഭരണ പക്ഷവും രംഗത്തിറങ്ങുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബംഗളൂരുവില്‍ തുടര്‍ യോഗം ചേരാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണകക്ഷിയായ എന്‍ ഡി എയും ശക്തിപ്രകടനം കാഴ്ച വെക്കാനൊരുങ്ങുകയാണ്. എന്‍ ഡി എയുടെ വിശാല മുന്നണി യോഗം ചൊവ്വാഴ്ച ഡല്‍ഹിയിലാണു നടക്കുന്നത്. പ്രതിപക്ഷ യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. ജൂലായ് 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. സോണിയാ ഗാന്ധി യോഗത്തില്‍ സംബന്ധിക്കും. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എ എ പി പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

പട്നയില്‍ ചേര്‍ന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ കെജ്രിവാള്‍ പങ്കെടുത്തിരുന്നെങ്കിലും ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ എ എ പി ഉടക്കിയിരുന്നു.എന്നാല്‍ എന്‍ ഡി എ നിലവില്‍ സഖ്യ കക്ഷികളായ മുപ്പതോളം പാര്‍ട്ടികളാണു പങ്കെടുക്കുന്നത്. ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുടേയും പ്രധാനമന്ത്രി മോദിയുടേയും നേതൃത്വത്തിലാണ് എന്‍ ഡി എ യോഗം. ഡല്‍ഹി അശോക് ഹോട്ടലില്‍ 18/07/23 ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന വിശാല എന്‍ ഡി എ യോഗത്തിലേക്ക് പുതിയ കക്ഷികളേയും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ലമെന്റില്‍ അംഗങ്ങളില്ലാത്ത വിവിധ പാര്‍ട്ടികളേയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ എത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബിഹാറില്‍നിന്നു പുതുതായി നാല് പാര്‍ട്ടികള്‍ എന്‍ ഡി എ യോഗത്തിനെത്തുമെന്നു ബി ജെ പി അവകാശപ്പെടുന്നു. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി (രാം വിലാസ്), അടുത്തിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, മുകേഷ് സാഹനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരെ എന്‍ ഡി എയില്‍ എത്തിക്കാനാണു ശ്രമം നടക്കുന്നത്. യോഗത്തിനെത്തിയാല്‍ ഇവരെ എന്‍ ഡി എയില്‍ ഉള്‍പ്പെടുത്തും.ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യ കക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ഭാറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്‍ ഡി എയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും ശിരോമണി അകാലിദളും എന്‍ ഡി എയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്‍ സി പി പിളര്‍ത്തി എത്തിയ അജിത് പവാര്‍ വിഭാഗവും എന്‍ ഡി എ യോഗത്തിനെത്തുമെന്നാണു വിവരം.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →