തിരുവനന്തപുരം : ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ കോളനിയിൽ 2023 ജൂലൈ 16 ന് രാത്രി 8.30നാണ് സംഭവം. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ,അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമാണ് മൂവരേയും ആക്രമിച്ചതെന്നാണ് വിവരം.
പുറത്തു നിന്നുള്ളവർ രാത്രികാലങ്ങളിൽ കോളനിയിലെത്തുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ലഹരി വിൽപ്പന നടത്തുന്നതിനാണ് ഇവർ എത്തിയിരുന്നതെന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തർക്കത്തെ തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

