ഇ എസ് ബിജിമോൾ ഒരു കമ്മ്യൂണിസ്റ്റുകാരിയേ അല്ല എന്ന കോൺഗ്രസ് നേതാവ് അഡ്വ. സേനാപതി വേണുവിന്റെ വിമർശനത്തിന് മറുപടി പറഞ്ഞ് ഇ എസ് ബിജിമോൾ. അച്ഛനും അമ്മയും നടന്ന വഴിയിലൂടെ നടന്ന് സിപിഐയിലെത്തിയ ആളല്ല താനെന്നും തന്റെ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സിപിഐയിലെത്തിപ്പെട്ടതെന്നും ഇ എസ് ബിജിമോൾ പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിലായിരുന്നു വാദപ്രതിവാദങ്ങൾ.
പണ്ട് കോൺഗ്രസിൽ സീറ്റ് കൊടുക്കാത്തത് കൊണ്ടാണ് ബിജിമോൾ സിപിഐയിൽ എത്തിയതെന്നായിരുന്നു അഡ്വ സേനാപതിയുടെ പരാമർശം. സിപിഐ കൊടിപിടിച്ചത് കൊണ്ട് ബിജിമോൾ കമ്മ്യൂണിസ്റ്റാകില്ലെന്നും സിപിഐ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൊന്നും ബിജിമോൾക്ക് പ്രവർത്തിച്ച് പരിചയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ.
എന്നാൽ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല സ്വന്തം ബോധ്യങ്ങൾക്ക് അനുസരിച്ചാണ് താൻ സിപിഐയിൽ എത്തിയതെന്ന് ബിജിമോൾ പറഞ്ഞു. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് തന്നെയാണ് പ്രവർത്തിക്കുന്നത്. ആ ചട്ടക്കൂടിനുള്ളിൽ നിന്ന് തന്നെയാണ് താൻ അഭിപ്രായങ്ങൾ പറയാറെന്നും ഇ എസ് ബിജിമോൾ പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിൽ പാർട്ടി തനിക്ക് വലിയ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഇ എസ് ബിജിമോൾ പറയുന്നു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സംഭവം ഉൾപ്പെടെ ഓർമിച്ചുകൊണ്ടാണ് ബിജിമോൾ പാർട്ടി തനിക്ക് നൽകിയ അംഗീകാരത്തെക്കുറിച്ച് പറഞ്ഞത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പരിഗണിച്ചു എന്നത് തന്നെ ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് ബിജിമോൾ പറഞ്ഞു. മത്സരത്തിന് പിന്നാലെ തനിക്ക് പാർട്ടിയ്ക്ക് അകത്തും പുറത്തും നിന്ന് വലിയ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. അത്തരം ആക്രമണങ്ങൾക്കെതിരെയായിരുന്നു അന്ന് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഇ എസ് ബിജിമോൾ പറഞ്ഞു.

