മുവാറ്റുപുഴ : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ യാത്രക്കാരനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. തൃക്കളത്തൂർ കാവുംപടി ഇലവന്ത്ര ഇ.ജെ.ആൻഡ്രൂസാണ് (72) നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണത്. 2023 ജൂലൈ 13 വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് തോപ്പുംപടി – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി കെഎസ്ആർടിസി ബസിൽ ആൻഡ്രൂസും ഭാര്യയും കയറിയത്. ബസ് കടാതിയിൽ എത്തിയപ്പോഴാണ് സംഭവം.
യാത്രാക്കാർ വിവരം അറിയിച്ചതോടെ കണ്ടക്ടർ മിഥുനും ഡ്രൈവർ സനിൽ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി ഇതിനിടെ ആൻഡ്രൂസിനു സിപിആർ നൽകി. മിനിറ്റുകൾക്കുള്ളിൽ ബസ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും യഥാസമയം സിപിആർ നൽകാൻ സാധിച്ചതുമാണ് ആൻഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടർമാർ പറഞ്ഞു. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആൻഡ്രൂസിനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി.