സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ അപേക്ഷാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ഡൽഹി: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് വേണ്ടി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ച അപേക്ഷാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ സിംഗിൾ ബെഞ്ചാണ് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി തള്ളിയത്. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മെയിൻ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി യുപിഎസ്‍സി പുറപ്പെടുവിച്ച ഡീറ്റെയിൽഡ് ആപ്ലിക്കേഷൻ ഫോം – 1 സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിവിൽ സർവീസ് പരീക്ഷയുടെ എല്ലാ നടപടികളും അവസാനിച്ച ശേഷമേ പ്രിലിമിനറി പരീക്ഷയുടെ ആൻസർ കീ പുറത്തുവിടൂ എന്ന് അറിയിച്ചുകൊണ്ട് 2023 ജൂൺ 12ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചത്.

പ്രിലിമിനറി പരീക്ഷയുടെ ആൻസർ കീ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജികൾ കോടതിയുടെ പരിഗണനയിലിരിക്കവെ തിടുക്കപ്പെട്ട് മെയിൻ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചതിനെതിരെയായിരുന്നു ഹർജി. വിഷയത്തിൽ യുപിഎസ്‍സി അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും നേരത്തെയും കേസുകളുടെ കാര്യത്തിൽ ഇത്തരം നിലപാട് സ്വീകരിക്കുകയും ഒടുവിൽ സമയം കഴിഞ്ഞുപോയെന്ന് കോടതിയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

മൾട്ടിപ്പിൾ ചോയിസ് രീതിയിൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളുടെ ഉത്തര സൂചികകൾ നേരത്തെ തന്നെ തയ്യാറാക്കുമെന്നും പരീക്ഷ കഴിഞ്ഞ ഉടൻ അത് പ്രസിദ്ധീകരിക്കേണ്ടത് എല്ലാ ഉദ്യോഗാർത്ഥികൾക്കും ശരിയായ മൂല്യനിർണയം നടന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമാണെന്നുമാണ് ഹർജിയിലെ വാദം. ഉത്തര സൂചികകൾക്ക് പുറമെ കട്ട് ഓഫ് മാർക്കും പരീക്ഷയുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം മാത്രമേ പുറത്തുവിടൂ എന്നാണ് യുപിഎസ്‍സിയുടെ അറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →