ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കണം; അനന്തരാവകാശികളുടെ ഹരജി തള്ളി

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജയരാമന്റെ മക്കള്‍ സമര്‍പ്പിച്ച ഹരജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജി.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വത്തുക്കള്‍ പ്രതിയുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരു വിധാനസൗധയില്‍ ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വര്‍ണ വജ്ര ആഭരണങ്ങള്‍ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വര്‍ഷമായി സൂക്ഷിച്ചിരിക്കുന്നത്.600 കിലോ വെള്ളി ആഭരണങ്ങള്‍, 11344 സാരികള്‍, 250 ഷോളുകള്‍, 750 ചെരുപ്പുകള്‍, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ എന്നിവയാണ് ജയലളിതയുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് ലേലം ചെയ്യാന്‍ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →