തൃശൂർ: തൃശൂർ ജില്ലയിൽ എം.ഡി.എം.എ കടത്തിയ രണ്ട് സംഭവങ്ങളിലായി മൂന്നു പേർ അറസ്റ്റിലായി. പിടിയിലായ മൂന്ന് പേരും 30 വയസിന് താഴെയുള്ളവരാണ്. യുവാക്കളും വിദ്യാർഥികളും ലഹരിക്ക് വ്യാപകമായി അടിമകളാകുന്നു. എം.ഡി.എം.എയുമായി കുന്നംകുളത്ത് നിന്ന് രണ്ടു പേരും മണ്ണുത്തിയിൽനിന്ന് ഒരാളുമാണ് പിടിയിലായത്.
വളർത്തുനായയുടെ മറവിൽ കാറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് കിളിയാടൻ വീട്ടിൽ വിഷ്ണു (26), അന്തിക്കാട് തറയിൽ വീട്ടിൽ ശ്രീജിത്ത് (27) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഞായറാഴ്ച്ച രാവിലെ ഏഴിന് പെരുമ്പിലാവ് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് പോലീസ് സംശയം തോന്നി പരിശോധിക്കുന്നതിനിടെയാണ് വാഹനത്തിനു പുറകിൽ വളർത്തു നായയെ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് വാഹനത്തിന് പുറകിലായി സൂക്ഷിച്ചിരുന്ന 18 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെത്തിയത്. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസിനെ കബളിപ്പിച്ചാണ് പ്രതികൾ കേരളത്തിലേക്ക് ലഹരി മരുന്നുകൾ കടത്തിയിരുന്നതെന്നാണ് വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ബാംഗ്ലൂരിൽനിന്നും സ്ഥിരമായി ടൂറിസ്റ്റ് ബസുകളിൽ എം.ഡി.എം.എ. കടത്തിയിരുന്ന ഫോർട്ട് കൊച്ചി സ്വദേശി തൻസീർ (29) ആണ് മണ്ണുത്തിയിൽ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിശോധന നടത്തിയത്. ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണുത്തി പോലീസും ചേർന്ന് മണ്ണുത്തി മേഖലയിൽ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 4.30 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിശദമായി പരിശോധിച്ചതിൽ ഇയാളിൽനിന്നും എം.ഡി.എം.എ. ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തിട്ടുണ്ട്

