ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി. തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്. എം.പിയും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിയാണ്, തെലങ്കാന ബി.ജെ.പിയുടെ പുതിയ അധ്യക്ഷൻ. ബണ്ടി സഞ്ജയ് കുമാറിന് പകരക്കാരനായാണ് കിഷൻ റെഡ്ഡി എത്തുന്നത്.
തെലങ്കാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി എം.എൽ.എ. എടേല രാജേന്ദറിനെ നിയോഗിച്ചു. തെലങ്കാനയുടെ ആദ്യ ധനമന്ത്രി കൂടിയാണ് രാജേന്ദർ. മുൻപ് ബി.ആർ.എസിലായിരുന്ന ഇദ്ദേഹം 2021-ലാണ് ബി.ജെ.പിയിൽ ചേരുന്നത്. ഡി. പുരന്ദേശ്വരിയാണ് ആന്ധ്രാപ്രദേശ് ബി.ജെ.പിയുടെ പുതിയ അധ്യക്ഷ. തെലുഗു ദേശം പാർട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ മകളാണ് പുരന്ദേശ്വരി.
കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ മുൻ എം.പി. കൂടിയായ സുനിൽ കുമാർ ജാഖർ, പഞ്ചാബ് ബി.ജെ.പിയെ നയിക്കും. കഴിഞ്ഞ വർഷം മേയിലാണ് ഇദ്ദേഹം കോൺഗ്രസ് വിട്ടത്. ബാബുലാൽ മറാൻഡി, ഝാർഖണ്ഡ് ബി.ജെ.പി. അധ്യക്ഷനാകും. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ, നിലവിൽ പ്രതിപക്ഷ നേതാവാണ്.
എല്ലാ സംസ്ഥാന അധ്യക്ഷന്മാരുടെയും സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും യോഗം ജൂലൈ ഏഴിന് വിളിച്ചു ചേർത്തിട്ടുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും യോഗത്തിൽ പങ്കെടുക്കും.

