ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവ് ; നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പുവരുത്തും : ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3,714 റോഡ് അപകടങ്ങളിൽ 344 പേർ മരിക്കുകയും 4,172 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. എ.ഐ. ക്യാമറ സ്ഥാപിച്ചശേഷം 2023 ജൂൺ മാസം റോഡപകടങ്ങൾ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 204 വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ചു മുതൽ ജൂലൈ മൂന്നു വരെ 20,42,542 മോട്ടോർ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളിൽ വേരിഫിക്കേഷനിലെ കുടിശിക പൂർത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ- 73,887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30,213. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57,032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 49,775, മൊബൈൽ ഫോൺ ഉപയോഗം 1,846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1,818 തുടങ്ങിയവയാണ് ജൂൺ അഞ്ചു മുതൽ ജൂലൈ മൂന്നു വരെ കണ്ടെത്തിയത്.

നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപവത്കരിക്കുവാൻ റോഡ് സേഫ്റ്റി കമ്മിഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ ഓഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് മാറ്റിയ 16 ക്യാമറകളിൽ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങൾ എൻ.ഐ.സി. വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയതിനാൽ അവയുടെ നിയമലംഘനങ്ങൾക്കു കൂടി പിഴ ഈടാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →