രാജസ്ഥാനിൽ നിന്ന് കാണാതായ 17 കാരിയെയും അധ്യാപികയെയും ചെന്നൈയിൽ കണ്ടെത്തി
തമിഴ്‌നാട്ടിൽ എത്തുന്നതിന് മുമ്പ് ഇവർ കേരളത്തിൽ തങ്ങിയതായും പൊലീസ് വ്യക്തമാക്കി.

രാജസ്ഥാന്‍: ബിക്കാനീറിൽ നിന്ന് കാണാതായ 17 കാരിയായ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് ചെന്നൈയിൽ നിന്നും കണ്ടെത്തുന്നത്.

ഇരുവരുടെ തിരോധാനം ബിക്കാനീർ ജില്ലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് അവർ ശ്രീ ദുൻഗർഗഡ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ഇരുവരേയും ചെന്നൈയിൽ നിന്നും കണ്ടെത്തുകയായിരുന്നുവെന്ന് ബിക്കാനീർ ഇൻസ്‌പെക്ടർ ജനറൽ ഓംപ്രകാശ് പറഞ്ഞു. തമിഴ്‌നാട്ടിൽ എത്തുന്നതിന് മുമ്പ് ഇവർ കേരളത്തിൽ തങ്ങിയതായും പൊലീസ് വ്യക്തമാക്കി.

ജൂലൈ 1-നാണ് ശ്രീ ദുൻഗർഗഡ് ടൗണിലെ സ്വകാര്യ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. അന്നേദിവസം തന്നെ ഇതേ സ്‌കൂളിലെ 21കാരിയായ നിദ ബഹ്ലീം എന്ന അധ്യാപികയെയും കാണാതായിരുന്നു. അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അധ്യാപികക്കെതിരേയും അവരുടെ കുടുംബത്തിനെതിരേയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതിനിടെ, അധ്യാപികയുടെ കുടുംബം തന്‍റെ മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ്, ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും പരസ്പരം സ്നേഹിക്കുന്നു, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും പറയുന്ന 4 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും ചെന്നൈയിൽ നിന്നും ബുധനാഴ്ച കണ്ടെത്തിയതെന്ന് പൊലീസ് വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →