തൃശൂർ: ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണ കുർബാന നടത്തിയ പള്ളി വികാരിക്ക് പകരം പുതിയ വികാരി ഇന്ന് ചാർജെടുക്കാനിരിക്കെ കലാപ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇടവകക്കാർ. പെന്തക്കൂസ്താ നാളിലായിരുന്നു പൂമല ചെറുപുഷ്പ ദേവാലയത്തിൽ വികാരി ഫാ. ജോയ്സൺ കോരോത്ത് വിശ്വാസികളുടെ കൂട്ടമരണ കുർബാന ചൊല്ലിയത്. വികാരിക്കെതിരായ പോസ്റ്ററുകൾ രാത്രിയിൽ ആരോ നശിപ്പിച്ചതായും ഇത് ആസൂത്രിത കലാപത്തിനുള്ള നീക്കമാണെന്നും ആണ് ഇടവകക്കാരുടെ ആരോപണം. കുർബാന ചൊല്ലിയതിൽ പ്രതിഷേധിച്ച്, വിശ്വാസികളുടെ നേതൃത്വത്തിൽ പൂമല ചെറുപുഷ്പ ദേവാലയ സംരക്ഷണ സമിതി പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡാണ് 2023 ജൂലൈ 3 ന് രാത്രി തകർത്ത നിലയിൽ കണ്ടെത്തിയത്.
കൂട്ടമരണ കുർബാന നടത്തിയ പള്ളി വികാരിക്കെതിരെ ഇടവകക്കാർ ‘ഏഴാം ചരമദിന’ ചടങ്ങുകൾ നടത്തിയായിരുന്നു പ്രതിഷേധിച്ചത്. പുതിയ പള്ളി നിർമ്മിച്ചതിൻറെ കണക്കുകൾ വിശ്വാസികൾ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിർപ്പുകളുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് ആസൂത്രിതമായി കലാപം ഉണ്ടാക്കാനുള്ള നീക്കമാണ്. പള്ളിയിൽ കുറച്ചു ദിവസമായി പാതിരാത്രിയും തമ്പടിച്ചിരിക്കുന്ന വികാരിയുടെ സഹായികളാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നു എന്നും ഇടവക്കാർ ആരോപിച്ചു. അതേസമയം, സംഭവസ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.
വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികൾ സമരം നടത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും വിശ്വാസികൾ പിന്മാറിയതെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. വിശ്വാസികളുടെ എതിർപ്പ് കടുത്തതോടെയാണ് പുതിയ വികാരിയെ നിയമിക്കാൻ തീരുമാനമായത്. പള്ളി വികാരി കൂട്ട കുർബാന നടത്തിയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തിയായിരുന്നു വിശ്വാസികൾ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ നടത്തിയത്.

