തമ്മിലടിക്കുന്ന പവാറുമാര്‍

എന്‍സിപി പിളര്‍ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ നിയമ നടപടികളിലേക്ക് കടക്കാനൊരുങ്ങി ശരത് പവാര്‍ വിഭാഗം. ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്‍സിപി എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പാര്‍ട്ടി കത്ത് നല്‍കി. അജിത് പവാറിനു പുറമേ, എന്‍.സി.പി.യില്‍നിന്നുള്ള ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍, ഹസന്‍ മുഷിറിഫ്, ധനഞ്ജയ മുണ്ടെ, അദിതി തത്കരെ, ധര്‍മറാവു അത്രം, അനില്‍ പാട്ടീല്‍, സഞ്ജയ് ബന്‍സോഡെ എന്നിവരാണ് മന്ത്രിമാരായത്.ഒമ്പത് നേതാക്കളെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ നിയമസഭാ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്’ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.പാര്‍ട്ടി വിടുംമുമ്പ് ഇക്കാര്യം അവര്‍ ആരേയും അറിയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പാര്‍ട്ടിക്കെതിരെ നീങ്ങിയതെന്നും ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.അജിത് പവാറിനൊപ്പം പോയ മിക്ക എംഎല്‍എമാരും തിരിച്ചെത്തുമെന്നും അവരെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 29 എംഎല്‍എമാര്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം അജിത് പവാര്‍ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത്. 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ തനിക്കൊപ്പം ചേരുമെന്നും അദ്ദേഹം പറയുകയുണ്ടായി.എന്നാല്‍ മന്ത്രിസഭയില്‍ ചേര്‍ന്നവര്‍ക്കെതിരെ മാത്രമാണ് നിലവില്‍ എന്‍സിപി അയോഗ്യത നീക്കം നടത്തുന്നത്. മറ്റുള്ള എംഎല്‍എമാരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഭൂരിപക്ഷം പാര്‍ട്ടി ജില്ലാ ഘടകങ്ങളും ശരത് പവാറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.അഴിമതി പാര്‍ട്ടിയെന്ന് ബിജെപി വിശേഷിപ്പിച്ച എന്‍സിപിയിലെ നേതാക്കളെ ഇപ്പോള്‍ അവര്‍ സ്വാഗതം ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലേ പരിഹസിച്ചു.
‘ബിജെപി 24 മണിക്കൂറും തിരഞ്ഞെടുപ്പ് മൂഡിലാണ്. എന്‍സിപിയെ അഴിമതിക്കാരായ പാര്‍ട്ടിയെന്ന് വിളിച്ച ബിജെപി ഇപ്പോള്‍ ഞങ്ങളുടെ നേതാക്കളെ സ്വാഗതം ചെയ്യുന്നു. അപ്പോ ഇതെങ്ങനെ സാധിച്ചു? മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതിനുപകരം ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഞാന്‍ എപ്പോഴും എന്‍സിപിക്കും സത്യത്തിനും ഒപ്പമാണ്, എല്ലാ ദിവസവും ഇത്തരം വെല്ലുവിളികളെ ഞാന്‍ അഭിമുഖീകരിക്കുന്നു.ഇത് (അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ചുവടുമാറ്റം) എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്’ സുപ്രിയ പറഞ്ഞു.
അജിത് പവാറിന് പാര്‍ട്ടിയില്‍ വ്യത്യസ്ത ചിന്തയുണ്ടെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്നും അദ്ദേഹവുമായുള്ള ബന്ധം പഴയപടി തന്നെ തുടരുമെന്നും സുപ്രിയ വ്യക്തമാക്കി.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →