മണിപ്പൂർ സംഘർഷം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ നടത്തിയ രാജി നീക്കത്തിൽ പ്രതികരണവുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായി താൻ കരുതിയതായി ബിരേൻ സിംഗ് പറഞ്ഞു. രാജ്ഭവനിലേക്ക് ഇറങ്ങിയ തന്നെ വസതിയ്ക്ക് മുന്നിൽ ജനം തടഞ്ഞു. തന്റെ ചിന്തകൾ തെറ്റാണെന്ന് അന്ന് ജനം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പലയിടത്തും പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോലം കത്തിക്കുന്നത് താൻ മണിപ്പൂരിൽ കണ്ടുവെന്ന് പറഞ്ഞുകൊണ്ടാണ് രാജി നീക്കത്തിന് പിന്നിലുള്ള ചിന്തകളെക്കുറിച്ച് ബിരേൻ സിംഗ് പറഞ്ഞത്. ബിജെപി ഓഫിസുകൾക്ക് നേരെ ആക്രമണം നടക്കുന്നതും കണ്ടു. മണിപ്പൂരിനായി 5-6 വർഷങ്ങൾക്കുള്ളിൽ തങ്ങൾ ചെയ്തതെല്ലാം നഷ്ടമായോ എന്ന് മനസിൽ കരുതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് കരുതി. എന്നാൽ അതെല്ലാം ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ധാരണയാണെന്ന് പിന്നീട് മനസിലാക്കി. തന്നെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ചത് മണിപ്പൂരിലെ ജനക്കൂട്ടമാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
രാജി വയ്ക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയെച്ചൊല്ലി ഇംഫാലിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാജിക്കത്ത് നൽകാൻ രാജ്ഭവനിലേക്ക് പുറപ്പെട്ട ബിരേൻ സിങിന്റെ വാഹനവ്യൂഹം ആയിരക്കണക്കിന് അനുയായികൾ തടയുകയായിരുന്നു. ജനങ്ങൾ കീറിയെറിഞ്ഞ രാജിക്കത്തിന്റെ ചിത്രവും പുറത്തെത്തിയിരുന്നു. ഒടുവിൽ രാജിവക്കില്ലെന്നും പിരിഞ്ഞുപോകണമെന്നും ജനക്കൂട്ടത്തോട് ബീരേൻ സിങ് പറയുകയായിരുന്നു.

