കാസർകോട് : കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി 01/07/23 ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.
വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 01/07/23 ശനിയാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് 01/07/23 ശനിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കരിന്തളം ഗവ. കോളേജിൽ നിയമനം ലഭിക്കാൻ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതേസമയം വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നത് പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. മൊബൈൽ ഫോണിൽ സ്വന്തമായി വ്യാജ രേഖ നിർമിച്ചുവെന്ന വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.