കരിങ്കൽ ക്വാറി നടത്താൻ 2 കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ബാലുശ്ശേരി: പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. തന്റെയും മറ്റൊരാളുടെയും വീടുകൾ ക്വാറിക്കാർക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികൾ പിൻവലിക്കുന്നതിനുമാണ് 2 കോടി രൂപ ആവശ്യപ്പെടുന്നത്. വ്യവസ്ഥകൾ അംഗീകരിച്ചാൽ ക്വാറി നടത്തിപ്പിനു ഒരു പ്രയാസവും ഉണ്ടാകില്ലെന്നും പറയുന്നുണ്ട്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവന്റെ പേരിലാണ് സംഭാഷണം.

13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ചർച്ചകൾ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തിൽ പറയുന്നു. അന്ന് ക്വാറി കമ്പനി പാർട്ടി വിജിലൻസിനു പരാതി നൽകിയതെന്നും പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് വിളിച്ചപ്പോൾ ക്വാറിക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ താൻ ഒഴിഞ്ഞു മാറി. ഇത് ഉദ്യോഗസ്ഥരിൽ സംശയം ഉണ്ടാക്കിയിരുന്നു. വീടുകൾക്ക് ഒരു കോടി വില വരില്ലെന്നു ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോൾ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായാൽ ക്വാറിക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ഉറപ്പ് നൽകുന്നു.

സിപിഎം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തിയതിനു ശേഷമാണ് ക്വാറി പ്രതിനിധിയുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. പുറത്തായ ശബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും കമ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകൾ ഉണ്ടായെങ്കിൽ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും സിപിഎം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →