മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നഷ്ടപ്പെട്ടിട്ട് നാളുകളായെങ്കിലും മുംബൈ ക്രിക്കറ്റ് താരം പൃഥ്വി ഷാ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായി പൊതുസ്ഥലത്തുവച്ചു തല്ലുണ്ടായതിനു പിന്നാലെ, സ്വകാര്യ പരിപാടിക്കിടെ സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തിന്റെ വിഡിയൊയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ സപ്ന ഗില്ലുമായുള്ള പ്രശ്നവുമായി ബന്ധപ്പെട്ടതാണ് ഈ സംഭവവും. പൃഥ്വി മർദിച്ചെന്ന സപ്നയുടെ പരാതിയിൽ തെളിവില്ലെന്ന മുംബൈ പൊലീസിന്റെ നിരീക്ഷണത്തിനു മറുപടിയായി സപ്നയുടെ അഭിഭാഷകനാണ് വിഡിയൊ പുറത്തുവിട്ടിരിക്കുന്നത്.
മുംബൈയിലെ ഒരു പബ്ബിൽനിന്നാണ് ഇതു ചിത്രീകരിച്ചിട്ടുള്ളത്. പൃഥ്വിയും സുഹൃത്തും പബ്ബിനുള്ളിൽ നിൽക്കുമ്പോൾ സെൽഫിയെടുക്കാൻ വന്ന യുവാവിനെ പൃഥ്വി തള്ളിമാറ്റുന്നതു കാണാം. ഇതോടെ യുവാവിനൊപ്പമുണ്ടായിരുന്നവർ കൂട്ടമായി പൃഥ്വിക്കെതിരേ തിരിഞ്ഞു.
ഈ സംഭവത്തിനു ശേഷം പബ്ബിൽനിന്നിറങ്ങിയ തന്നെയും പൃഥ്വിയെയും സപ്നയും കൂട്ടരും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പൃഥ്വിയുടെ സുഹൃത്ത് നേരത്തെ പരാതി നൽകിയിരുന്നത്. സംഭവങ്ങളുടെ തുടക്കം എന്തായിരുന്നു എന്നു തെളിയിക്കാനാണ് സപ്നയുടെ അഭിഭാഷകൻ വിഡിയൊ ഹാജരാക്കിയിരിക്കുന്നത്.

