തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. വി.വേണു ചീഫ് സെക്രട്ടറിയാകുന്ന സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ പുതിയ ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. എ.പി.എം.മുഹമ്മദ് ഹനീഷ് ആരോഗ്യ വകുപ്പിന്റെ പൂർണ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുമാകും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവകലാശാലയുടെ ചുമതലയാണ് മുഹമ്മദ് ഹനീഷിന് നൽകിയിരിക്കുന്നത്.രവീന്ദ്ര കുമാർ അഗർവാളാണ് പുതിയ ധനകാര്യ സെക്രട്ടറി. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഇദ്ദേഹം ചാർജ് എടുക്കും വരെ ചീഫ് ഇലക്ട്രൽ ഓഫിസർ സഞ്ജയ് എം കൗളിന് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കും.
ഡോ.എ.കൗശിഗനാണ് പുതിയ ലാൻഡ് റവന്യു കമ്മീഷണർ. കെ.എസ്.ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകി.തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായഡോ. ഷർമിള മേരി ജോസഫിനാണ് വനിതാ ശിശു വികസന വകുപ്പിന്റെ അധിക ചുമതല. രത്തൻ യു ഖേൽക്കറിന് പരിസ്ഥിതി വകുപ്പിന്റെയുംകെ ബിജുവിന് ടൂറിസം വകുപ്പിന്റെ അധികം ചുമതലയും നൽകി.

