വേലയെടുക്കാത്തവര്‍ക്ക് കൂലിയില്ല: എന്താണ് മണിപ്പൂരിലെ പുതിയ നയം?

വേലയെടുക്കാത്തവര്‍ക്ക് കൂലിയില്ല നയം നടപ്പാക്കാനൊരുങ്ങി മണിപ്പുര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെത്തുടര്‍ന്നു വിവിധ കാരണങ്ങളാല്‍ അംഗീകൃത അവധിയില്ലാതെ ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാണു നീക്കം.
സംസ്ഥാനത്ത് നിലവിലെ സാഹചര്യം കാരണം ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പൊതുഭരണ വകുപ്പ് (ജി.എ.ഡി.) എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. കഴിഞ്ഞ 12 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്.

സംസ്ഥാനത്തുള്ളത് ലക്ഷം ജീവനക്കാര്‍

മണിപ്പുര്‍ സര്‍ക്കാരില്‍ ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്, അവരില്‍ പലരും ജോലിക്ക് ഹാജരായിട്ടില്ല. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, മണിപ്പുരില്‍ പലായനം ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ച 65,000-ത്തിലധികം ആളുകളില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.
അക്രമം ആരംഭിച്ചതിനുശേഷം ഇംഫാലിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗോത്രവര്‍ഗക്കാര്‍ രൂക്ഷമായാണു സര്‍ക്കാര്‍ തീരുമാനത്തോടു പ്രതികരിച്ചത്.

എതിര്‍പ്പുമായി കുക്കി ഗോത്രം

ജോലിയില്ലെങ്കില്‍ കൂലിയുമില്ല നയം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പി മണിപ്പുര്‍ (കെ.ഐ.എം.) ശക്തമായി എതിര്‍ത്തു.
സര്‍ക്കാര്‍ തീരുമാനം ജീവനക്കാരുടെ, പ്രത്യേകിച്ച് ഇംഫാല്‍ താഴ്വരയില്‍നിന്ന് പലായനം ചെയ്തവരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് കെ.ഐ.എം. ജനറല്‍ സെക്രട്ടറി ഖൈഖോഹൗ ഗാങ്തെ പറഞ്ഞു.
അന്‍പതുദിവസത്തിധികമായി തുടരുന്ന മണിപ്പുര്‍ കലാപത്തില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടു.
400 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകളും സ്വത്തുക്കളും വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →