പൊതുവ്യക്തിനിയമത്തിലെ പ്രതിപക്ഷ പക്ഷം

രാജ്യത്തു പൊതുവ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വെളിപ്പെടുത്തിയതിനു പിന്നാലെ, ശക്തമായ എതിര്‍പ്പുയര്‍ത്തി മുസ്ലിം സംഘടനകളും എ.എ.പി. ഒഴികെയുള്ള പ്രതിപക്ഷകക്ഷികളും രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്രനീക്കത്തിനെതിരേ കോണ്‍ഗ്രസും ഇടതുകക്ഷികളുമുള്‍പ്പെടെ രംഗത്തുവന്നപ്പോള്‍ പൊതുവ്യക്തിനിയമത്തെ തത്വത്തില്‍ പിന്തുണയ്ക്കുന്നതായി എ.എ.പി. വ്യക്തമാക്കി. കേന്ദ്രനീക്കത്തിനെതിരേ രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളും രംഗത്തുവന്നു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് 27 നു രാത്രി അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.നിയമവിദഗ്ധരുമായി ആലോചിച്ചശേഷം, പൊതുവ്യക്തിനിയമം സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷനെ നിലപാടറിയിക്കാന്‍ മൂന്നുമണിക്കൂര്‍ നീണ്ട ബോര്‍ഡ് യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കേ, മുസ്ലിംകള്‍ റോഡ് ഉപരോധം പോലെയുള്ള പ്രതിഷേധങ്ങളിലേക്കു നീങ്ങരുതെന്നു ബോര്‍ഡ് അംഗവും ജമാഅത്ത് ഉലമ-ഇ-ഹിന്ദ് മേധാവിയുമായ മൗലാന അര്‍ഷാദ് മഅദനി നിര്‍ദേശിച്ചു.

ചൂട് പിടിപ്പിച്ച മോദിയുടെ പ്രസ്താവന

മധ്യപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി ഭോപ്പാലില്‍ ബി.ജെ.പി. പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണു പൊതുവ്യക്തിനിയമം കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നു മോദി സൂചിപ്പിച്ചത്. പിന്നാലെ അനുകൂലപ്രതികരണവുമായി ബി.ജെ.പി. സഖ്യകക്ഷികളും എതിര്‍പ്പുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷനിരയും രംഗത്തെത്തി.

ഭിന്നസ്വരമായി എഎപി

കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എ.എ.പിയുടെ നിലപാട് പൊതുവ്യക്തിനിയമത്തിന്റെ കാര്യത്തിലും പ്രതിപക്ഷത്തെ ഭിന്നസ്വരമായി.പൊതുവ്യക്തിനിയമത്തെ തത്വത്തില്‍ പിന്തുണയ്ക്കുന്നെങ്കിലും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുമായും ചര്‍ച്ചചെയ്തു വേണം നടപ്പാക്കാനെന്ന് എ.എ.പി. ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് എം.പി. പറഞ്ഞു. ‘പൊതുവ്യക്തിനിയമത്തെ ഞങ്ങള്‍ തത്വത്തില്‍ പിന്തുണയ്ക്കുന്നു.ഭരണഘടനയുടെ 44-ാം അനുഛേദവും അത് അനുശാസിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ആശങ്കയുള്ള സാഹചര്യത്തില്‍ വിശാലമായ ചര്‍ച്ചകളും സമവായനീക്കവുമുണ്ടാകണം’- സന്ദീപ് പഥക് ചൂണ്ടിക്കാട്ടി.

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കും- കോണ്‍ഗ്രസ് നേതാക്കള്‍

ഭൂരിപക്ഷസര്‍ക്കാരിന്റെ അജന്‍ഡയ്ക്കനുസരിച്ച് പൊതുവ്യക്തിനിയമം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അത് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണു പ്രധാനമന്ത്രിയുടേതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണു പ്രധാനമന്ത്രി ആദ്യം മറുപടി പറയേണ്ടത്. കലാപകലുഷിതമായ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

നടപ്പാക്കേണ്ടതു ഹൈന്ദവവിഭാഗങ്ങളിലെന്ന് ഡി.എം.കെ.

പൊതുവ്യക്തിനിയമം ആദ്യം നടപ്പാക്കേണ്ടതു ഹൈന്ദവവിഭാഗങ്ങളിലാണെന്നു ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പട്ടികവിഭാഗക്കാരടക്കം എല്ലാവര്‍ക്കും പൂജ ചെയ്യാന്‍ അനുമതി നല്‍കണം. എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാപരമായ സംരക്ഷണം യു.സി.സി. നടപ്പാക്കുന്നതിലൂടെ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ലീഗ്

പൊതുവ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു മുസ്ലിംലീഗ് ദേശീയ ഉപദേശകസമിതി ചെയര്‍മാനും സംസ്ഥാനാധ്യക്ഷനുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഗൗരവമായി കാണുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ നാളെ മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി ചേരുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു നേരേയുള്ള ആക്രമണമെന്നായിരുന്നു ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തെഹാദുള്‍ മുസ്ലിമിന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. യു.സി.സി. നടപ്പാക്കുന്നതു സംബന്ധിച്ച് 21-ാം നിയമ കമ്മിഷന്‍ എന്താണു പറഞ്ഞതെന്നെങ്കിലും പരിശോധിക്കാന്‍ മോദി തയാറാകണമായിരുന്നെന്ന് ആര്‍.ജെ.ഡി. നേതാവ് മനോജ് ഝാ എം.പി. പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അനുരാഗ് ഭദോരിയ ആരോപിച്ചു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →