സുധാകരനു പുറത്തേക്കു വഴിയൊരുങ്ങുന്നുവോ?

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അറസ്റ്റിലായതോടെ, നേരത്തെ സുധാകരന്റെ രാജിക്കായി കരുക്കള്‍ നീക്കിയിരുന്ന വിവിധ ഗ്രൂപ്പുകള്‍ പുതിയ സാഹചര്യത്തെക്കുറിച്ചു കേന്ദ്ര നേതൃത്വവുമായി ആശയ വിനിമയം നടത്തി വരികയാണ്. 1957 മുതലുള്ള കെ പി സി സിപ്രസിഡന്റുമാരുടെ പട്ടികയില്‍ ഇത്തരത്തില്‍ ഒരു വഞ്ചനാ കേസില്‍ ഒരു പ്രസിഡന്റും അറസ്റ്റിലായിട്ടില്ല. പാര്‍ട്ടി അധ്യക്ഷനെന്ന ബഹുമാന്യമായ പദവിക്ക് ഈ കേസ് കളങ്കമാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.കെ കെ ദാമോദരമേനോന്‍, ആര്‍ ശങ്കര്‍, സി കെ ഗോവിന്ദന്‍നായര്‍, കെ സി എബ്രഹാം, ടി ഒ ബാവ, കെ കെ വിശ്വനാഥന്‍, കെ എം ചാണ്ടി, എസ് വരദരാജന്‍, എ കെ ആന്റണി, എ എല്‍ ജേക്കബ്, സി വി പത്മരാജന്‍, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, കെ മുരളീധരന്‍, പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കളുടെ തുടര്‍ച്ചയായാണ് 2021 ല്‍ കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാവുന്നത്.
സുധാകരന്റെ നീക്കത്തിനെതിരെ പല ഘട്ടങ്ങളില്‍ പരസ്യമായി രംഗത്തുവന്ന എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയവരെ പിന്‍തുണക്കുന്ന വലിയൊരു വിഭാഗം സുധാകരന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യക്കാരാണ്.സുധാകരനെതിരായ നീക്കങ്ങള്‍ ശക്തമായ ഘട്ടത്തിലെലെല്ലാം എ കെ ആന്റണി സുധാകരന്റെ രക്ഷക്കെത്തിയിരുന്നു. സി പി എമ്മിനെ നേരിടാന്‍ സുധാകരനെ പോലൊരു നേതാവ് കെ പി സി സി പ്രസിഡന്റായി വേണമെന്ന നിലപാടാണ് എ കെ ആന്റണി പറഞ്ഞത്. മകന്‍ ബി ജെ പിയില്‍ ചേര്‍ന്നതോടെ വ്യക്തിപരമായി തളര്‍ന്ന എ കെ ആന്റണിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ ആജ്ഞാ ശക്തിയില്ലെന്നതാണ് അവസ്ഥ.
നേരത്തെ എം കെ രാഘവന്റെ എതിര്‍ ശബ്ദത്തിനു പിന്‍തുണ നല്‍കിയ കെ മുരളീധരന്‍ പിന്നീട് കെ സുധാകരന്‍-സതീശന്‍ നേതൃത്വത്തിനു പിന്‍തുണയുമായി രംഗത്തുവന്നത് മറ്റു രാഷ്്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണു വിലയിരുത്തപ്പെടുന്നു.പുനസ്സംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ സുധാകരനു തിരിച്ചടി നേരിട്ടത്. വര്‍ക്കിങ്ങ് പ്രസിഡന്റായ തന്നെ പോലും കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്ന പരാതി പലഘട്ടങ്ങളില്‍ കൊടിക്കുന്നില്‍ ഉയര്‍ത്തിയിരുന്നു.രാജാവ് നഗ്നനാണെന്നു പറയാന്‍ ആരും തയ്യാറാവുന്നില്ലെന്നും ഉപയോഗിച്ച് വലിച്ചെറിയുകയാണു പാര്‍ട്ടിയിലെ രീതിയെന്നുമുള്ള ആരോപണം ഒരു ഘട്ടത്തില്‍ എം കെ രാഘവന്‍ പരസ്യമായി ഉന്നയിച്ചിരുന്നു.
കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്നു നീക്കാനുള്ള സമ്മര്‍ദ്ദം എം പി മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ചെങ്കിലും, കേന്ദ്ര നേതൃത്വം ഇടപെട്ടു കെ സുധാകരനു നല്‍കിയ ആനുകൂല്യത്തില്‍ അദ്ദേഹം തുടരുകയായിരുന്നു.
കൊടിക്കുന്നലിനും എം കെ രാഘവനും പുറമെ ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവരും മല്ലികാര്‍ജുന കാര്‍ഖെയെ കണ്ട് കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി ഈ എം പിമാര്‍ നേരത്തെ രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എന്നിവരേയും കണ്ടിരുന്നു.കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവ ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കിയ ഘട്ടത്തിലായിരുന്നു എം പിമാരുടെ നീക്കം. ആര്‍ എസ് എസ് അനുകൂല പ്രസ്താവന യു ഡി എഫ് ഘടക കക്ഷിയായ മുസ്്ലിം ലീഗിനേയും അസ്വസ്ഥമാക്കിയിരുന്നു.കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സുധാകരന്റെ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. വലിയൊരു വിഭാഗത്തെ അകറ്റി നിര്‍ത്തിയാണു നേതൃത്വം മുന്നോട്ടുപോകുന്നതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. മുന്‍ കെ പി സി സി പ്രസിഡന്റുമാരെ ഒരു പ്രവര്‍ത്തനത്തിലും സഹകരിപ്പിക്കുന്നില്ലെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
ശശി തരൂരിനെ കേരളത്തില്‍ ഇറക്കി സുധാകരനെ ഇളക്കാനുള്ള നീക്കം ഒരു വിഭാഗം മുമ്പു നടത്തിയിരുന്നെങ്കിലും അവര്‍ പിന്നീട് നിശ്ശബ്ദത പാലിക്കുകയായിരുന്നു. അടുത്ത വര്‍ഷം ലോകസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് പഴയപോലെ തലപൊക്കിയാല്‍ അണികള്‍ എതിരായിത്തീരും എന്ന ഭയത്താല്‍ മാത്രമാണ് നേതാക്കള്‍ പരസ്യമായി പോരിനിറങ്ങാത്തത്.
എന്നാല്‍, പോക്സോ കേസില്‍ ആജീവനനാന്തം ശിക്ഷിക്കപ്പെട്ട ഒരാളുമായുള്ള ബന്ധത്തിന്റെ പേരില്‍ കേസില്‍ അകപ്പെട്ടിരിക്കുന്ന കെ പി സി സി പ്രസിഡന്റിനെ നായകനാക്കി ലോകസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്നതു വലിയ തിരിച്ചടിക്കു കാരണമാകുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്്തമാണ്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →