റാന്നി: ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നു. കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി മലർവാടി ഓർത്തഡോക്‌സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കൽ രജിതമോൾ (27) ആണ് മരിച്ചത്. രജിതയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് 2023 ജൂൺ 24 ശനിയാഴ്ച രാത്രി 8.30-ഓടെ ആക്രമണം നടത്തിയത്..
തടസ്സംപിടിക്കുന്നതിനിടയിൽ രജിതയുടെ അച്ഛൻ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവർക്കും വെട്ടേറ്റു. ഇതിൽ രാജുവിന്റെ നില ഗുരുതരമാണ്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദർശിത്(2) എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവർ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ കുട്ടികൾ രക്ഷപ്പെട്ടു…….
കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ സത്യൻ കൊലപാതകം, കഞ്ചാവുകടത്തൽ ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ്. ഇരുവരും തമ്മിൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാൽ രജിതമോൾ അവരുടെ വീട്ടിലാണ് താമസം. ശനിയാഴ്ച രജിതമോൾ അതുലിനെതിരേ റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുളള പ്രതികാരമാകാമെന്ന് പോലീസ് പറയുന്നു. വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാൾ രജിതമോളെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.
നിലവിളികേട്ട് അച്ഛൻ രാജുവാണ് ആദ്യം ഓടിയെത്തിയത്. ആക്രമണം തടയുന്നതിനിടെ അദ്ദേഹത്തെയും വെട്ടി. തുടർന്ന് ഗീതയെയും അമൃതയെയും ആക്രമിച്ചശേഷം ഇയാൾഓടിപ്പോയി. ചെറുകോൽ ഗ്രാമപ്പഞ്ചായത്തംഗം ജോമോൻ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വെട്ടേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രജിത മരിച്ചിരുന്നു..

