ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലും യോഗാഭ്യാസത്തിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നുവെന്ന് വിമർശനം. ലഷ്‌കറെ തൊയ്ബ ഭീകരനും 2008 ലെ മുംബൈ ആക്രമണക്കേസിലെ പ്രതിയുമായ സാജിദ് മിറിനെ ആഗോള ഭീകരനായി കരിമ്പട്ടികയിൽ പെടുത്താനുള്ള നിർദ്ദേശം ചൈന തടഞ്ഞതിനെയും ദിഗ്‌വിജയ സിംഗ് ട്വിറ്ററിൽ വിമർശിച്ചു.
“മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നു. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ചൈന തടയുമ്പോൾ, മോദി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നു. റോം കത്തിയെരിയുമ്പോൾ ഉള്ള നീറോ ഫിഡലിംഗ് നിങ്ങളെ ഓർമ്മിപ്പിക്കുന്നില്ലേ? മോദി ഭരണം നീറോ റൂളിന് സമാനമല്ലേ?” – പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് കുറിച്ചു.
ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നൽകിയിരുന്നു. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഎൻ ആസ്ഥാനത്ത് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തെത്തിയത്.