സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ)∙ ഏകദേശം ഒരു ദിവസത്തെ മാത്രം ഓക്സിജൻ അവശേഷിക്കെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻപോയി കാണാതായ ‘ടൈറ്റൻ’ സമുദ്രപേടകത്തെക്കുറിച്ചും അതിലുൾപ്പെട്ട അഞ്ചുപേരെക്കുറിച്ചുമുള്ള ആശങ്ക വർധിച്ചു. ഇതിനിടെ കാനേഡിയൻ വിമാനം തിരിച്ചറിഞ്ഞശബ്ദം കാണാതായ സമുദ്രപേടകത്തിൽനിന്നുള്ള ശബ്ദമാണോ എന്ന് വ്യക്തമല്ലെന്ന് യുഎസ് കോസ്റ്റ്ഗാർഡിന്റെ ക്യാപ്റ്റൻ ജെയ്മി ഫ്രെഡറിക്. സോണാർ ശേഷികളുള്ള കാനേഡിയൻ വിമാനമാണ് ആദ്യം ഈ ശബ്ദം തിരിച്ചറിഞ്ഞത്.
എന്നാൽ ശബ്ദം എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയുകയും അവിടേക്ക് എത്തി ഓക്സിജന്റെ അളവ് തീരുന്നതിനു മുൻപ് സമുദ്രപേടകം ഉപരിതലത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് കഠിനമാണെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നവർ പറയുന്നു. ഇതുകൂടാതെ നോർത്ത് അറ്റ്ലാന്റിക് മേഖലയിൽ സമുദ്രപേടകം കാണാതെപോയ സ്ഥലത്തെ കാലാവസ്ഥയും മോശമാണ്.രക്ഷാപ്രവർത്തനത്തെ ഇതു ബാധിക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡിന്റെ ഇന്റർനാഷനൽ ഐസ് പട്രോളിലെ ചീഫ് സയന്റിസ്റ്റ് ഡോണൾഡ് മർഫി വ്യക്തമാക്കി.
ശബ്ദം തിരിച്ചറിഞ്ഞതിനു പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായില്ല. തിരച്ചിൽ നടത്തുന്ന മേഖല വിപുലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിമാനം കണ്ടെത്തിയ ദീർഘചതുരത്തിലുള്ള വസ്തു സമുദ്രപേടകത്തിന്റേതല്ലെന്നും ക്യാപ്റ്റൻ ഫ്രെഡറിക് വ്യക്തമാക്കി. നിലവിൽ അഞ്ച് കപ്പലുകളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 10 കപ്പലുകൾ തിരച്ചിലിന് ഉണ്ടാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി….

