ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി സ്റ്റാലിൻ സർക്കാർ. എഐഎഡിഎംകെ നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നീക്കം. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയിൽ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇഡിക്ക് നോട്ടീസയച്ചു. ബാലാജിയുടെ ഹൃദയശസ്ത്രക്രിയ 2023 ജൂൺ 21 ന് നടക്കും.
എഐഎഡിഎംകെ നേതാക്കൾക്കെതിരായ അഴിമതി കേസുകൾ ആയുധമാക്കി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് സ്റ്റാലിൻ സർക്കാർ. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ എഐഎഡിഎംകെയിലെ നേതാക്കളെ പൂട്ടാനുറച്ചാണ് നീക്കം. സി വിജയഭാസ്കർ, പി തങ്കമണി, എസ് പി വേലുമണി തുടങ്ങി അര ഡസൻ മുൻ മന്ത്രിമാർക്കെതിരായ കേസുകളിൽ ജൂലൈ ആദ്യ വാരത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ രാജി ആവശ്യപ്പെട്ട് ജൂൺ 21ന് എഐഎഡിഎംകെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രിവാസവും അഭിനയമെന്ന് ഇഡി സുപ്രീംകോടതിയിൽ പറഞ്ഞതിന് പിറ്റേന്ന് ബൈപ്പാസ് ശസ്തക്രിയക്കുള്ള തീയതി കുറിച്ച് ആരോഗ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തി. 21 ന് രാവിലെ ശസ്തക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചെന്നുമാണ് സുബ്രഹ്മണ്യൻ്റെ അറിയിപ്പ്.
ഇഡിയുടെ അപേക്ഷ അവധിക്കാല ബഞ്ച് പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് സെന്തിൽ ബാലാജിയുട ഭാര്യ മേഖല സുപ്രീംകോടതിയിൽ തടസ ഹർജിയും നൽകി. ഇഡി സമൻസ് കിട്ടിയെങ്കിലും, ബാലാജിയുടെ സഹോദരൻ അശോക് കുമാർ ചോദ്യം ചെയ്യലിന് ഹാജരായില്ല

