മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ ഒരു മണിക്കൂറോളം നീണ്ട പരാക്രമം. വാഹനയാത്രക്കാരെ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തി. മാട്ടുപ്പെട്ടി ബോട്ട് ലാൻഡിനു സമീപം തമ്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കൊമ്പൻ എന്നാണ് വിവരം. 2023 ജൂൺ 16 വെള്ളിയാഴ്ചയാണ് സംഭവം.
പടയപ്പ, ഹോസ് കൊമ്പൻ എന്നിങ്ങനെ രണ്ട് കാട്ടുകൊമ്പന്മാരെയാണ് പ്രദേശത്ത് സാധാരണയായി കാണാറ്. വെള്ളിയാഴ്ച റോഡിലിറങ്ങിയത് ഹോസ് കൊമ്പനാണെന്നാണ് വിലയിരുത്തൽ. ഏതാണ്ട് ഒരുമണിക്കൂറോളമാണ് മാട്ടുപ്പെട്ടി- വട്ടവട റൂട്ടിൽ ഒറ്റയാൻ നിലയുറപ്പിച്ചത്. ആദ്യം മാട്ടുപ്പെട്ടി എക്കോ പോയിന്റിനു സമീപത്താണ് കാട്ടാനയെ കണ്ടത് . രണ്ട് വാഹനങ്ങൾക്കുനേരെ കൊമ്പൻ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.
ഈ വാഹനങ്ങൾ പിന്നോട്ടെടുത്തതോടെയാണ് കൊമ്പൻ പിന്തിരിഞ്ഞത്. അതിനുശേഷം മാട്ടുപ്പെട്ടി ബോട്ട് ലാൻഡിങ്ങിലേക്ക് വരികയും പ്രധാനപാതയിൽ നിലയുറപ്പിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച ശേഷം കാട്ടാനക്കൂട്ടത്തിനൊപ്പം മടങ്ങി.

