നിഖിലിന്‍റെ സർട്ടിഫിക്കറ്റിൽ അടിമുടി അവ്യക്തത; കോളെജിന്‍റേത് ഗുരുതര വീഴ്ചയെന്ന് വൈസ് ചാൻസലർ
നിഖിലിന്‍റെ എംകോം പ്രവേശനത്തിലാണ് കോളെജിന് വീഴ്ച്ച സംഭവിച്ചത്
നിഖിലിന്‍റെ സർട്ടിഫിക്കറ്റിൽ അടിമുടി അവ്യക്തത; കോളെജിന്‍റേത് ഗുരുതര വീഴ്ചയെന്ന് വൈസ് ചാൻസലർ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ കോളെജിന് ഗുരുതര വീഴ്ച്ച പറ്റിയതായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നിഖിൽ തോമസ് 2017 മുതൽ 2020 വരെ കായംകുളം എംഎസ്എം കോളെജിൽ പഠിച്ചിരുന്നതായും പരീക്ഷ എഴുതിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. നിഖിലിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സെമസ്റ്റർ പരീക്ഷകളും എഴുതിയിട്ടുണ്ട്. അറ്റന്‍‌ഡൻസ് ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. 2018-19 വർഷങ്ങളിൽ യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. 2017 മുതൽ 2020 വരെ മൂന്ന് വർഷം പ്രതിവർഷ കോഴ്സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സർവകലാശാലയിൽ സമർപ്പിച്ച രേഖ. എന്നാൽ, ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല, അത് പല അധ്യാപകർക്കും അറിയാമായിരുന്നു.
നിഖിലിന്‍റെ എംകോം പ്രവേശനത്തിലാണ് കോളെജിന് വീഴ്ച സംഭവിച്ചത്. കോളെജിന് ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകും. കായംകുളം എംഎസ്എം കോളെജ് പ്രിൻസിപ്പൽ സർവകലാശാലയിലെത്തി വിശദീകരണം നൽകണമെന്നും വിസി പറഞ്ഞു. നിഖിലിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. അറ്റൻഡൻസ് ഉള്ളതുകൊണ്ടാണ് പരീക്ഷ എഴുതിച്ചത്.

റായ്പൂരിലും കായംകുളത്തും ഒരേ സമയം പഠിച്ചുവെന്നതിൽ സംശയങ്ങളുണ്ട്. കേരളയിൽ 75 ശതമാനം ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽ നിന്നു കായംകുളത്തേക്ക് വിമാനസർവീസില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. കേരള സർവകലാശാലയിൽ പരീക്ഷയെഴുതണമെങ്കിൽ ഇവിടെ അറ്റൻഡൻസ് വേണം. അദ്ദേഹത്തിന് ഇന്‍റേണൽ മാർക്ക് ലഭിക്കണം. ഇന്‍റേണൽ മാർക്ക് ലഭിച്ചിട്ടുണ്ട്. അത് നൽകുന്നത് പഠിപ്പിക്കുന്ന അധ്യാപകരാണ്. അതിനാൽ നിഖിൽ തോമസ് കേരളാ സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ പ്രശ്നം വേഗത്തിൽ അവസാനിക്കുമെന്നും വൈസ് ചാൻസലർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →